Tuesday 27 March 2012

ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’

ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’ എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ലക്കം മംഗളം വാരിക പുറത്തിറങ്ങിയത് ഒട്ടേറെ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. മലയാളത്തിലെ മഹാനടനായ ജഗതി വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ മംഗളം അത് പരിഗണിക്കാതെ ഒരു സ്കൂപ്പ് വാര്‍ത്തയുമായി വരുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ആരോപണങ്ങളുണ്ടായി. എന്നാല്‍ ജഗതിയുമായുള്ള അഭിമുഖം നേരത്തേ തയ്യാറാക്കിയതാണെന്ന് മംഗളവും വ്യക്തമാക്കി.ഈ ലക്കം മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത് മംഗളത്തെ മറികടക്കുന്ന ഒരു സ്കൂപ്പുമായാണ്. ജഗതി ശ്രീകുമാറിന്‍റെ മകളുമായുള്ള അഭിമുഖവുമായാണ് മനോരമ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ ആഴ്ചപ്പതിപ്പിന്‍റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്. തിരുവനന്തപുരത്ത് കരുമത്തെ ‘നന്ദനം’ എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന ‘ലച്ചു’ താമസിക്കുന്നത്. ഒപ്പം അമ്മ കല ശ്രീകുമാറും. 

ജഗതി ഗുരുവായൂരില്‍ കൊണ്ടുപോയി താലിചാര്‍ത്തിയതാണ് കലയെ. ജഗതിക്ക് ഇങ്ങനെയൊരു കുടുംബം ഉണ്ട് എന്നത് ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുകാര്‍ക്കെങ്കിലും ഒരു രഹസ്യമല്ല.അപകടവാര്‍ത്തയറിഞ്ഞ് കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു. നടന്‍ ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും മകന്‍ രാജ്കുമാറും മകള്‍ പാര്‍വതിയും മറ്റ് ബന്ധുക്കളും സിനിമാക്കാര്‍ അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. “രാത്രി പത്തരയായതിനാല്‍ വെന്‍റിലേറ്റര്‍ മുറിയില്‍ കയറി കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. പിന്നീട് പാര്‍വതി ഡോക്ടര്‍മാരോട് സംസാരിച്ച് അനുവാദം വാങ്ങിത്തരികയായിരുന്നു” - കല മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി ഷെറിന്‍ മുഹമ്മദിനോട് വ്യക്തമാക്കുന്നു.കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായിരുന്നു ജഗതി ശ്രീകുമാര്‍. അങ്ങനെ അവരുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. 1984ലാണ് സംഭവം. 

അന്ന് കല പഠിക്കുകയായിരുന്നു. ജഗതിയുടെ നിര്‍ബന്ധത്തില്‍ കല ‘ഇനിയും ഒരു കുരുക്ഷേത്രം’ എന്ന സിനിമയില്‍ അഭിനയിച്ചു.അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, മെയ്‌ദിനം, ദശരഥം, കിരീടം, ന്യൂസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ജഗതിയും കലയും ഒരുമിച്ച് അഭിനയിച്ചു. മേയ്ദിനം എന്ന ചിത്രത്തില്‍ ജഗതിയുടെ നായികയായാണ് കല വേഷമിട്ടത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ് കല അവസാനം അഭിനയിച്ച സിനിമ.“കുറേക്കാലം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലായി. ഗുരുവായൂരില്‍ പോയി താലികെട്ടി. ഈ താലി മാത്രമാണ് ഞങ്ങളുടെ വിവാഹത്തിന് തെളിവ്” - കല അഭിമുഖത്തില്‍ പറയുന്നു.


ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി സിനിമയില്‍ അഭിനയിക്കില്ല. സത്യന്‍ അന്തിക്കാടിന്‍റെ ‘സ്നേഹവീട്’ ഉള്‍പ്പടെയുള്ള സിനിമകളിലേക്ക് ക്ഷണമുണ്ടായിരുന്നു. “പപ്പയ്ക്ക് തല്‍പ്പര്യമുണ്ടായിരുന്നില്ല. വെറുതെ ജീവിതം കളയേണ്ട എന്നാണ് പറഞ്ഞത്. സിനിമാതാരമാകാന്‍ സൌന്ദര്യം മാത്രം മതി. എന്നാല്‍ സിവില്‍ സെര്‍വന്‍റാകാന്‍ വിവരവും വേണം. സൌന്ദര്യം ഏതുനിമിഷവും നശിക്കാം. എന്നാല്‍ അറിവ് നശിക്കില്ല എന്നാണ് പപ്പ പറഞ്ഞത്” - ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. എസ് എസ് എല്‍ സിക്ക് 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. മകളെ ഐ എ എസുകാരിയാക്കുക എന്നതാണ് ജഗതിയുടെ ആഗ്രഹം. മകളുടെ അഡ്മിഷന് പോയതും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ പോകുന്നതും കലാപരിപാടികള്‍ക്ക് ഒപ്പം പോകുന്നതും എല്ലാം ജഗതിയാണ്. സി ബി എസ് ഇ ജില്ലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ശ്രീലക്ഷ്മിയാണ് കലാതിലകം. 

പൂര്‍ണ ആരോഗ്യവാനായി ജഗതി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയും അമ്മ കലയും.

No comments:

Post a Comment